ജ്ഞാനപ്രദായനി എ. എൽ പി സ്കൂളിൽ 27 വർഷത്തെ പ്രധാനാധ്യാപകസേവനത്തിന് ശേഷം സേവനത്തിൽ നിന്ന് വിരമിച്ച ശ്രീ ഷാജിമാസ്റ്റർക്ക് രക്ഷിതാക്കളും സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് നൽകിയ യാത്രയയപ്പ് സമ്മേളനത്തിൽ നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിനിഷ ഷൈജു, പി ടി എ പ്രസിഡണ്ട് അഞ്ജുല എന്നിവർ ചേർന്ന് ഉപഹാരം നൽകുന്നു.
27 വർഷത്തെ പ്രധാനാധ്യാപക സേവനത്തിനു ശേഷം ഷാജി മാസ്റ്റർ പടിയിറങ്ങിഅടച്ചുപൂട്ടലിൻ്റെ വക്കിലായിരുന്ന ജ്ഞാനപ്രദായനി എ.എൽ പി. സ്കൂളിനെ സബ്ജില്ലയിലെ മികച്ച വിദ്യാലയമാക്കി മാറ്റുന്നതിൽ നേതൃത്വപരമായ പങ്കു വഹിച്ച പി.വി ഷാജി മാസ്റ്റർ സർവീസിൽ നിന്നും വിരമിച്ചു. എൽ.കെ ജി മുതൽ നാലാം ക്ലാസ്സ് വരെ ഇരുന്നൂറ്റി അമ്പതിലധികം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം നേട്ടങ്ങളും പട്ടികയിൽ സബ്ജില്ലയിലും പഞ്ചായത്തിലും ഒന്നാമതാണ്. മികച്ച ഭൗതികസൗകര്യങ്ങൾ, പൊടി വിമുക്ത അന്തരീക്ഷം, മികവാർന്ന അക്കാദമിക പ്രവർത്തനങ്ങൾ എന്നിവ ഒരുക്കിയതിലൂടെ സ്കൂൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രിയപ്പെട്ടതായി മാറുകയായിരുന്നു.
ലോവർ പ്രൈമറി സ്കൂളായി മാറുന്നതിന് മുമ്പ് സംസ്കൃതം സ്കൂളായും അതിന് മുമ്പ് എഴുത്ത് പള്ളിക്കൂടമായും അക്ഷരവെളിച്ചം നാടിന് പകർന്ന് നൽകി ഈ സ്ഥാപനം.
മാനേജ്മെൻ്റിൻ്റെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ മികച്ച ഭൗതിക സൗകര്യങ്ങളും, അധ്യാപകരുടെ കഠിനപ്രയത്നത്തിലൂടെ മികച്ച അക്കാദമിക നിലവാരവും ആർജ്ജിച്ചു കൊണ്ട് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ മുന്നിൽ നടന്ന് ബാലുശ്ശേരി സബ്ജില്ലയിലെ മികച്ച ഒരു പ്രൈമറി വിദ്യാലയമായി മാറി.
കഴിഞ്ഞ ആറു വർഷവും നന്മണ്ട ഗ്രാമ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ എൽ.എസ് എസ് നേടുന്ന വിദ്യാലയം എന്ന ബഹുമതി ജ്ഞാനപ്രദായനിക്ക് സ്വന്തം. ആറു വർഷത്തിനിടയിൽ നാലാം ക്ലാസ്സ് ബാച്ച് കടന്നുപോയ ഇരൂനൂറ്റി നാല് കുട്ടികളിൽ നിന്നാണ് 70 പേർക്ക് LSS നേടിക്കൊടുത്തത്.2020 -21 അദ്ധ്യയന വർഷത്തിൽ ബാലുശ്ശേരി സബ്ജില്ലയിൽ ഓൺലൈൻ അക്കാദമിക പ്രവർത്തനങ്ങൾ മികവുറ്റ രീതിയിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയ എൽ പി. സ്കൂളിനുള്ള വിദ്യാഭ്യാസ വകുപ്പിൻ്റെ പുരസ്കാരം, കുട്ടികളുടെ ക്ലാസ്സ് റൂം പ്രവർത്തനങ്ങളുടെ ഭാഗമായി രൂപപ്പെടുന്ന പോർട്ട്ഫോളിയോകൾ പുസ്തകരൂപത്തിൽ സമാഹരിച്ചതിനുള്ള ബ്ലോക്ക് തല അംഗീകാരവും ജില്ലയിലേക്കുള്ള നോമിനേഷനും ,സബ് ജില്ലാ ശാസ്ത്രോത്സവം ഓവറോൾ ചാമ്പ്യൻഷിപ്പ്, സബ്ജില്ലാ പ്രവർത്തിപരിചയ മേള, ഗണിതശാസ്ത്രമേള, അറബിക് കലോത്സ വം എന്നിവയിൽ നിരവധി തവണ കരസ്ഥമാക്കിയ ഓവറോൾ ചാമ്പ്യൻഷിപ്പുകൾ, സബ്ജില്ലാ കലോത്സവം ഓവറോൾ കിരീടം എന്നിങ്ങനെയുള്ള നേട്ടങ്ങളുടെ പട്ടിക ജ്ഞാനപ്രദായനി സ്കൂളിൻ്റെ പ്രവർത്തനമികവിൻ്റെയും സുസ്ഥിര വിദ്യാലയ മാതൃകയുടെയും നേർ സാക്ഷ്യങ്ങളാണ്. പ്രീപ്രൈമറി തലത്തിൽ നടപ്പാക്കി വിജയപ്രദമാക്കിയ ടാലൻ്റ് ഫെസ്റ്റ്, പഠനോത്സവം മാതൃകയിൽ നടത്തുന്ന രക്ഷാകർത്തൃസംഗമവും പ്രീ പ്രൈമറി വിദ്യാർഥികളുടെ പഠനാനുഭവങ്ങളുടെ അവതരണവും, പി.ടി.എ യുടെ സഹകണത്തോടെ ചിത്രകലയും സംഗീതവും അഭ്യസിപ്പിക്കുന്നതിന് റിസോഴ്സ് അധ്യാപകരെ നിയമിച്ചതരും ജ്ഞാനപ്രദായനിയുടെ തനതു വിദ്യാഭ്യാസ പ്രവർത്തന മാതൃകകളാണ്.
വിദ്യാർഥി മിത്ര പദ്ധതി,പിറന്നാൾ മിഠായി മധുരം പായസ മധുരം പദ്ധതി, സ്കൂൾ ആകാശവാണി - ഡിജിറ്റൽ സൗണ്ട് സിസ്റ്റം , എന്നിവ വിദ്യാലയ മികവിൻ്റെ നേർ സാക്ഷ്യങ്ങളായി .
എൽ എസ് എസ് സ്കോളർഷിപ്പ് വിജയങ്ങൾ ജ്ഞാനപ്രദായനിക്ക് കരുത്ത് പകരുമ്പോൾ സ്കൂളിലെത്തുന്ന എല്ലാ കുട്ടികളെയും എൽ.എസ് പരീക്ഷ എഴുതിക്കാൻ പ്രാപ്തമാക്കുന്ന നിലവാരത്തിലേക്ക് എത്തിക്കുക എന്നതാണ് ഓരോ ടീച്ചറുടെയും മുമ്പിലുള്ള ലക്ഷ്യം എന്നത് കൊണ്ട് തന്നെ അക്കാദമിക തലത്തിൽ സൂക്ഷ്മതയും ശ്രദ്ധയും കാത്തു സൂക്ഷിച്ചു കൊണ്ട് വിദ്യാലയ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നു. പി.ടി.എ, എം.പി.ടി എ ,എസ് ആർജി, എസ് എസ് ജി എന്നിവയുടെയെല്ലാം പിന്തുണ വിദ്യാലയപ്രവർത്തനങ്ങൾക്ക് ലഭിക്കുന്നു. 2001 മുതൽ ആരംഭിച്ച വാർഷികാഘോഷ പരിപാടികൾ
രണ്ടു വർഷം കൂടുമ്പോൾ സംഘടിപ്പിച്ചു വരുന്നു. വാർഷികാഘോഷ പരിപാടികൾ എല്ലാ കുട്ടികളുടെയും കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരമായി മാറി. സുവർണജൂബിലി ആഘോഷവും, പ്ലാറ്റിനം ജൂബിലി ആഘോഷവും വൻവിജയമാക്കിയതും ഷാജി മാസ്റ്ററുടെ സംഘാടന മികവിൽ തന്നെ. സ്കൂളിൻ്റെതായ വാർത്താ ചാനലും കുട്ടികൾ വാർത്ത അവതാരകരായതും നാടിന് പുതിയ അനുഭവമായി മാറി.
സംസ്ഥാന സർക്കാരിൻ്റെയും പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെയും പരിപാടികളും പ്രവർത്തനങ്ങളും നടപ്പിലാക്കുന്നതോടൊപ്പം സ്കൂളിൻ്റെ തനതു പ്രവർത്തനങ്ങളും ജ്ഞാനപ്രദായനിയെ മറ്റ് വിദ്യാലയങ്ങളിൽ നിന്നും വേറിട്ട് നിർത്തുകയും നാടിന് മാതൃകയാവുകയും ചെയ്യുമ്പോൾ പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വപരമായ പങ്ക് വഹിച്ചതിൻ്റെ ചാരി താർഥ്യത്തിൽ പടിയിറങ്ങുകയാണ് ഷാജി മാസ്റ്റർ . നാലു വർഷം പ്രധാനാധ്യാപക സംഘടനയായ കെ.പി.പി എച്ച് എയുടെ കോഴിക്കോട് ജില്ലാസെക്രട്ടറിയായും ഇപ്പോൾ സംസ്ഥാന റിസോഴ്സ് അംഗമായും പ്രവർത്തിച്ചുവരുന്നു പി.ടി എ യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടി ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നിനു കെ. എം ഉദ്ഘാടനം ചെയ്തു. നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിനിഷ ഷൈജുവും പി ടി എ പ്രസിഡണ്ട് കെ. എം അഞ്ജലയും ഷാജി മാസ്റ്റർക്ക് ഉപഹാരം നൽകി. കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ബിന്ദു മുഖ്യാതിഥിയായി. സ്കൂൾ മാനേജർ ടി.കെ സൗമീന്ദ്രൻ , മുൻ നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് , ബാലുശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അബ്ദുൾ അസീസ്, നന്മണ്ട ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജയപ്രകാശൻ മാസ്റ്റർ, വാർഡ് മെംബർമാരായ ഷൈമ മനോജ് . സത്യഭാമ ഇപി , ഫെമിത പി.വി, നന്മണ്ട പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി മുൻ അദ്ധ്യക്ഷ വിജിത കണ്ടികുന്നുമ്മൽ മുൻ വാർഡ് മെംബർ ഇ.കെ രാജീവൻ
മദർ പി ടി എ ചെയർ പേഴ്സൺ സൂര്യ വിനീഷ്, പി.ടി എ വൈസ് പ്രസിഡണ്ട് സലീന്ദ്രൻ പാറച്ചാലിൽ. മദർ പിടിഎ വൈസ് ചെയർപേഴ്സൺ പ്രബിത വിപി, സലിം കാഞ്ഞിരക്കണ്ടി, അനശ്വര ബിനീഷ് ഡോ: ഗീതു സതീഷ്, സൗമ്യ കെ, മാളു ടീച്ചർ ,ജമീല കെ.കെ , സൗമ്യ കെ സി ഉണ്ണികൃഷ്ണൻ നമ്പൂതിരി, ടി . എ കുഞ്ഞിരാമൻ നീതു കെ എന്നിവർ സംസാരിച്ചു.